15 എലീഹൂദിന് എലീയാസർ ജനിച്ചു; എലീയാസരിന് മത്ഥാൻ ജനിച്ചു; മത്ഥാന്‍ യാക്കോബ് ജനിച്ചു.
16 യാക്കോബിന് മറിയയുടെ ഭർത്താവായ യോസേഫ് ജനിച്ചു. അവളിൽനിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
17 ഇങ്ങനെ തലമുറകൾ ആകെ, അബ്രഹാംമുതൽ ദാവീദ് വരെ പതിന്നാലും ദാവീദ്മുതൽ ബാബിലോൺപ്രവാസംവരെ പതിന്നാലും ബാബിലോൺപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
യേശുവിന്റെ ജനനം
18 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയ, യോസേഫിനു വിവാഹം
നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു.
19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവൾക്ക് ലോകാപവാദം വരുത്തുവാൻ അവന് ആഗ്രഹമില്ലാതിരുന്നതുകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിക്കുവാൻ അവൻ തീരുമാനിച്ചു.
20 ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: "ദാവീദിന്റെ മകനായ യോസേഫേ, മറിയയെ നിന്റെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട; അവളിൽ ഉൽപാദിതമായിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആകുന്നു.
21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും; അതുകൊണ്ട് നീ അവന് യേശു എന്നു പേരിടണം" എന്നു പറഞ്ഞു.
22 ഇതൊക്കെയും സംഭവിച്ചത്, യഹോവ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാനായിരുന്നു:
23 "കന്യക ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് 'ദൈവം നമ്മോടുകൂടെ' എന്ന് അർത്ഥമുള്ള 'ഇമ്മാനുവേൽ' എന്നു പേരു വിളിക്കും."
24 യോസേഫ് ഉറക്കം ഉണർന്നു; യഹോവയുടെ ദൂതൻ കല്പിച്ചതുപോലെ അവൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു.
25 എങ്കിലും മകനെ പ്രസവിക്കുന്നതുവരെ അവൾ കന്യകയായിരുന്നു. മകന് അവൻ യേശു എന്നു പേരു വിളിച്ചു.