യേശുവിന്റെ വംശാവലി

  • 1 അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി:
  • 2 അബ്രഹാമിന് യിസ്ഹാക്ക് ജനിച്ചു; യിസ്ഹാക്കിന് യാക്കോബ് ജനിച്ചു; യാക്കോബിന് യെഹൂദായും അവന്‍റെ സഹോദരന്മാരും ജനിച്ചു;
  • 3 യെഹൂദായ്ക്ക് താമാരിൽ പേരെസ്സും സേരഹും ജനിച്ചു; പേരെസ്സിന് ഹെസ്രോൻ ജനിച്ചു; ഹെസ്രോന് രാം ജനിച്ചു;
  • 4 രാമിന് അമ്മീനാദാബ് ജനിച്ചു; അമ്മീനാദാബിന് നഹശോൻ ജനിച്ചു; നഹശോന് ശല്‌മോൻ ജനിച്ചു.
  • 5 ശല്‌മോന് രാഹാബിൽ ബോവസ് ജനിച്ചു; ബോവസിന് രൂത്തിൽ ഓബേദ് ജനിച്ചു; ഓബേദിന് യിശ്ശായി ജനിച്ചു;
  • 6 യിശ്ശായിക്ക് ദാവീദ് രാജാവ് ജനിച്ചു; ദാവീദിന് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോൻ ജനിച്ചു;
  • 7 ശലോമോന് രെഹബെയാം ജനിച്ചു; രെഹബെയാമിന് അബീയാവ് ജനിച്ചു; അബീയാവിന് ആസാ ജനിച്ചു;
  • 8 ആസായ്ക്ക് യെഹോശാഫാത്ത് ജനിച്ചു; യെഹോശാഫാത്തിന് യോരാം ജനിച്ചു; യോരാമിന് ഉസ്സീയാവ് ജനിച്ചു;
  • 9 ഉസ്സീയാവിന് യോഥാം ജനിച്ചു; യോഥാമിന് ആഹാസ് ജനിച്ചു; ആഹാസിന് ഹിസ്‌കീയാവ് ജനിച്ചു;
  • 10 ഹിസ്‌കീയാവിന് മനശ്ശെ ജനിച്ചു; മനശ്ശെയ്ക്ക് ആമോൻ ജനിച്ചു; ആമോന് യോശീയാവ് ജനിച്ചു;
  • 11 യോശീയാവിന് യെഖൊന്യാവും അവന്റെ സഹോദരന്മാരും ബാബിലോൺപ്രവാസകാലത്തു ജനിച്ചു.
  • 12 ബാബിലോൺപ്രവാസം കഴിഞ്ഞ് യെഖൊന്യാവിന് ശെയല്തീയേൽ ജനിച്ചു; ശെയല്തീയേലിന് സെരുബ്ബാബേൽ ജനിച്ചു;
  • 13 സെരുബ്ബാബേലിന് അബീഹൂദ് ജനിച്ചു; അബീഹൂദിന് എല്യാക്കീം ജനിച്ചു; എല്യാക്കീമിന് ആസോർ ജനിച്ചു;
  • 14 ആസോരിന് സാദോക്ക് ജനിച്ചു; സാദോക്കിന് ആഖീം ജനിച്ചു; ആഖീമിന് എലീഹൂദ് ജനിച്ചു;
  • 15 എലീഹൂദിന് എലീയാസർ ജനിച്ചു; എലീയാസരിന് മത്ഥാൻ ജനിച്ചു; മത്ഥാന് യാക്കോബ് ജനിച്ചു.
  • 16 യാക്കോബിന് മറിയയുടെ ഭർത്താവായ യോസേഫ് ജനിച്ചു. അവളിൽനിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
  • 17 ഇങ്ങനെ തലമുറകൾ ആകെ, അബ്രഹാംമുതൽ ദാവീദ് വരെ പതിന്നാലും ദാവീദ്മുതൽ ബാബിലോൺപ്രവാസംവരെ പതിന്നാലും ബാബിലോൺപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.

യേശുവിന്റെ ജനനം

  • 18 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു.
  • 19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവൾക്ക് ലോകാപവാദം വരുത്തുവാൻ അവന് ആഗ്രഹമില്ലാതിരുന്നതുകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിക്കുവാൻ അവൻ തീരുമാനിച്ചു.
  • 20 ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: "ദാവീദിന്റെ മകനായ യോസേഫേ, മറിയയെ നിന്റെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട; അവളിൽ ഉൽപാദിതമായിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആകുന്നു.
  • 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും; അതുകൊണ്ട് നീ അവന് യേശു എന്നു പേരിടണം" എന്നു പറഞ്ഞു.
  • 22 ഇതൊക്കെയും സംഭവിച്ചത്, യഹോവ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാനായിരുന്നു:
  • 23 "കന്യക ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് 'ദൈവം നമ്മോടുകൂടെ' എന്ന് അർത്ഥമുള്ള 'ഇമ്മാനുവേൽ' എന്നു പേരു വിളിക്കും."
  • 24 യോസേഫ് ഉറക്കം ഉണർന്നു; യഹോവയുടെ ദൂതൻ കല്പിച്ചതുപോലെ അവൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു.
  • 25 എങ്കിലും മകനെ പ്രസവിക്കുന്നതുവരെ അവൾ കന്യകയായിരുന്നു. മകന് അവൻ യേശു എന്നു പേരു വിളിച്ചു.